തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്‍റിൽ ഉൾപ്പെടെ അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്‍റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും വെള്ളം ചേർത്ത് പാർട്ടിക്ക് കീഴ്‌പ്പെടാന്‍ കഴിയില്ലെന്നും തരൂർ പറഞ്ഞു.
ആന്‍റണി ഉൾപ്പെടെയുള്ള കേരളത്തിൽ നിന്നുള്ള നേതാക്കളുടെ സഹായവും പിന്തുണയും പ്രതീക്ഷിച്ചിരുന്നു. അത് കിട്ടിയില്ല. ഇതൊരു വലിയ നഷ്ടമായി കാണുന്നില്ല. കാരണം കേരളത്തിലെ യുവാക്കൾ തന്നോടൊപ്പമുണ്ടെന്നും തരൂർ പറഞ്ഞു.
താൻ ഒരു യഥാർത്ഥ നെഹ്റു ലോയലിസ്റ്റാണ്. ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കട്ടേയെന്നും ഔദ്യോഗിക സ്ഥാനാർത്ഥി ഉണ്ടാകില്ലെന്നും പറഞ്ഞ് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, അതിൽ ലോയൽറ്റിയുടെ പ്രശ്നം എവിടെയാണ് വരുന്നതെന്നും ശശി തരൂർ പറഞ്ഞു.