തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പൂർണ പിന്തുണ നൽകുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഖാർഗെയെ പിന്തുണയ്ക്കാൻ സഹപ്രവർത്തകരോട് അഭ്യർത്ഥിക്കുകയാണെന്നും അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മുതിർന്ന നേതാക്കൾ സംയുക്തമായി എടുത്ത തീരുമാനമാണെന്നും ചെന്നിത്തല പറഞ്ഞു.
‘കോൺഗ്രസ് പാർട്ടിക്ക് ഒരു ദളിത് പ്രസിഡന്റ് ഉണ്ടാകേണ്ടത് അനിവാര്യമാണ്. ശശി തരൂർ മത്സരരംഗത്ത് നിന്ന് പിൻമാറണമെന്ന് അഭിപ്രായമില്ല. തരൂരിന് മത്സരിക്കാനുള്ള അവകാശമുണ്ട്. എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നെഹ്റു കുടുംബം ഇടപെട്ടിട്ടില്ല. ദളിത് സമുദായത്തിൽ നിന്ന് ഒരു കോൺഗ്രസ് അധ്യക്ഷൻ ഉണ്ടാകുന്നത് സന്തോഷത്തോടെയാണ് കാണുന്നത്. ഇക്കാര്യത്തിൽ നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാകില്ല’,അദ്ദേഹം പറഞ്ഞു.
ഔദ്യോഗിക സ്ഥാനാർത്ഥി ഇല്ലെന്ന് പറയുമ്പോഴും, എ കെ ആൻറണി അടക്കമുള്ള മുതിർന്ന നേതാക്കളുടെ പിന്തുണയുള്ള ഖാർഖെ തന്നെയാണ് നെഹ്റു കുടുംബത്തിൻറെ ചോയ്സ് എന്നാണ്, ഒരു വിഭാഗം നേതാക്കൾ പറയുന്നത്.