ന്യൂയോർക്ക്: തെക്കു കിഴക്കൻ യുക്രെയ്നിലെ 4 പ്രവിശ്യകൾ റഷ്യയോടു കൂട്ടിച്ചേർത്തത് ഉൾപ്പെടെ, യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരടു പ്രമേയത്തിന് മേലുള്ള വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന് ഇന്ത്യ. ചർച്ചകളിലൂടെ വേണം പ്രശ്നം പരിഹരിക്കാനെന്ന വാദം ആവർത്തിച്ച് കൊണ്ടാണ് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയ്‌ക്കൊപ്പം ചൈന, ഗാബോൺ, ബ്രസീൽ എന്നീ രാജ്യങ്ങളും വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു.
യുക്രെയ്‌നിൽ റഷ്യയുടെ നീക്കം കനക്കുന്നതിൽ ഇന്ത്യ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചു. വിഷയത്തിൽ ഇന്ത്യയുടെ നിലപാട് റഷ്യയോട് തുറന്ന് പറഞ്ഞിട്ടുള്ളതാണ്. സമ്പൂർണ്ണ യുദ്ധവിരാമം മാത്രമാണ് പരിഹാരം. അതിന് സമാധാനം മുൻനിർത്തി എല്ലാ നയതന്ത്ര മാർഗ്ഗങ്ങളും തുറക്കണം. വിദേശകാര്യമന്ത്രി ജയശങ്കർ ഐക്യരാഷ്‌ട്രസഭയിൽ നടത്തിയ പരാമർശങ്ങളെ ഇന്ത്യ രക്ഷാസമിതിയിൽ ഒരിക്കൽകൂടി ഓർമ്മിപ്പിച്ചു.
യുക്രെയ്നിൽ റഷ്യ നടത്തുന്ന അനധികൃത ഇടപെടലുകൾക്കെതിരെ യുഎസും അൽബേനിയയും 15 അംഗ യുഎൻ സുരക്ഷാ കൗൺസിലിൽ അവതരിപ്പിച്ച കരട് പ്രമേയത്തിൻമേലായിരുന്നു വോട്ടെടുപ്പ്. രാജ്യാന്തര സമൂഹം അംഗീകരിച്ച യുക്രെയ്ന്റെ അതിർത്തികളിൽ കടന്നുകയറി അവരുടെ പ്രവിശ്യകൾ റഷ്യ അനധികൃതമായി സ്വന്തമാക്കിയെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.
എന്നാൽ, റഷ്യ വീറ്റോ ചെയ്തതോടെ പ്രമേയം പരാജയപ്പെട്ടു. 15 അംഗ സമിതിയിൽ 10 രാജ്യങ്ങളാണ് പ്രമേയത്തെ പിൻതാങ്ങി വോട്ടു ചെയ്തത്. യുക്രെയ്നിലെ സമീപകാല സംഭവവികാസങ്ങളിൽ ഇന്ത്യയ്ക്കുള്ള ഉത്കണ്ഠ ഐക്യരാഷ്ട്ര സംഘടനയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധിയായ രുചിര കാംബോജ് വിശദീകരിച്ചു. മനുഷ്യരെ കൊലയ്ക്കു കൊടുത്തുകൊണ്ടുള്ള പ്രശ്നപരിഹാരം സാധ്യമല്ലെന്നാണ് ഇന്ത്യയുടെ നിലപാടെന്നും അവർ വ്യക്തമാക്കി.