ജമ്മു കശ്മീർ ഹൈക്കോടതി ഉൾപ്പെടെ രാജ്യത്തെ അഞ്ച് ഹൈക്കോടതികളിൽ പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സുപ്രീം കോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറി. കേരള ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജി കെ വിനോദ് ചന്ദ്രനെ ബോംബെ ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനും കൊളീജിയം ശുപാര്‍ശ ചെയ്തു.
ജമ്മു കശ്മീർ ഹൈക്കോടതിയിലെ ജസ്റ്റിസ് അലി മുഹമ്മദ് മാഗ്രെയെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. ബോംബെ ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജി പി ബി വരാലയെ കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസായും ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിംഗിനെ അതേ ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിക്കാനും കൊളീജിയം ശുപാർശ ചെയ്തു. ജസ്റ്റിസ് ജസ്വന്ത് സിങ്ങിന്റെ മാതൃ ഹൈക്കോടതി പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ്.
ഒറീസ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡോ.എസ് മുരളീധറിനെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാനും സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തിട്ടുണ്ട്. ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തലിനെ രാജസ്ഥാന് ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിക്കാന്‍ ആണ് ശുപാര്‍ശ. ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കൊളീജിയം സെപ്റ്റംബർ 28ന് യോഗം ചേര്‍ന്നാണ് ശുപാർശ കേന്ദ്ര സർക്കാരിന് കൈമാറിയത്.