ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങളായ ഇന്ത്യയും അമേരിക്കയും തമ്മിലുള്ളത് ഉഭയകക്ഷി നേട്ടങ്ങൾക്കായി മാത്രം നീക്കിവച്ചിരിക്കുന്ന സങ്കുചിതമായ ബന്ധമല്ല, മറിച്ച് ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ സ്വാധീനിക്കുന്ന ഒന്നാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇത് വലിയ സാധ്യതകളുള്ള ബന്ധമാണെന്ന് ഇരു രാജ്യങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇത് ഇനിയും വളരാൻ ധാരാളം ഇടമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് ബന്ധം നോക്കുകയാണെങ്കിൽ, അത് പരസ്പരം നേട്ടങ്ങൾക്കായി മാത്രം സമർപ്പിച്ചിരിക്കുന്ന ഒരു സങ്കുചിത ബന്ധമല്ല. ഇന്ന് ഞങ്ങളുടെ ബന്ധം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെയും തീർച്ചയായും ഇന്തോ-പസഫിക് മേഖലയെയും സ്വാധീനിക്കുന്നു. യുഎസ് തലസ്ഥാനത്ത് നാല് ദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കിയ ജയശങ്കർ ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു.