അബുദാബി: യുഎഇയിൽ ഏർപ്പെടുത്തിയിരുന്ന കോവിഡ് -19 നിയന്ത്രണങ്ങളിൽ പ്രഖ്യാപിച്ച ഇളവുകൾ ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു. പുതിയ വിജ്ഞാപനം അനുസരിച്ച്, അടച്ചിട്ടതും തുറന്നതുമായ പൊതുസ്ഥലങ്ങളിൽ ഒന്നിലും മാസ്ക് ധരിക്കേണ്ട ആവശ്യമില്ല. എന്നാൽ മൂന്ന് സ്ഥലങ്ങളെ പുതിയ ഇളവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ആശുപത്രികളും മെഡിക്കൽ സ്ഥാപനങ്ങളും, പള്ളികൾ, ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം എന്നിവിടങ്ങളിൽ പുതിയ ഇളവുകൾ ബാധകമല്ല. ഇവിടങ്ങളിൽ, പൊതുജനങ്ങൾ മാസ്ക് ധരിക്കണം. എന്നിരുന്നാലും, മാളുകൾ, റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമല്ല. അതേസമയം, ഭക്ഷണം വിതരണം ചെയ്യുന്നവർ, കോവിഡ്-19 സ്ഥിരീകരിച്ചവർ, കോവിഡ് ബാധിതരെന്ന് സംശയിക്കുന്നവർ എന്നിവരും മാസ്ക് ധരിക്കണം.
വേഗത്തിൽ രോഗം പിടിപെടാൻ സാധ്യതയുള്ള വിഭാഗങ്ങളിലുള്ളവർ മാസ്ക് ധരിക്കുന്നത് തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. രാജ്യത്തെ താമസക്കാരും സന്ദർശകരും ഇത് ശ്രദ്ധിക്കണം. ഈ വിഭാഗത്തിൽ പ്രായമായവർ, ഗുരുതരമായ അസുഖങ്ങളുള്ളവർ, വൈകല്യമുള്ളവർ എന്നിവർ ഉൾപ്പെടുന്നു. വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർ മാസ്ക് ധരിക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാൻ വിമാനക്കമ്പനികൾക്ക് അധികാരം നൽകി.