Spread the love

സ്കൂൾ കുട്ടികളുടെ വസ്ത്രങ്ങൾ കാഴ്ചയിൽ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരിക്കും. എന്നാൽ ഇത് ധരിക്കാൻ അനുയോജ്യമാണോ? അല്ലെന്നാണ് പുതിയ പഠനം പറയുന്നത്. പഠനമനുസരിച്ച്, ഇവയിലെല്ലാം പോളിഫ്ലൂറോയോൽകിൽ പദാർത്ഥങ്ങൾ എന്നറിയപ്പെടുന്ന ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നു. എൻവയൺമെന്റൽ സയൻസ് ആൻഡ് ടെക്നോളജിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ടെക്സ്റ്റയിൽസ് ഉൽപ്പന്നങ്ങളിൽ പ്രത്യേകിച്ച് കുട്ടികളുടെ വസ്ത്രങ്ങളിലാണ് ഇത്തരം മാരക കെമിക്കലുകൾ പറ്റിപ്പിടിക്കുന്നത്. വടക്കേ അമേരിക്കയിൽ ഓൺലൈനിൽ വാങ്ങിയ 72 വസ്ത്രങ്ങളുടെ സാമ്പിളുകളാണ് സംഘം പരിശോധിച്ചത്.

സ്കൂൾ യൂണിഫോം മാത്രമല്ല, റെയിൻ കോട്ടുകൾ, കയ്യുറകൾ, കളിപ്പാട്ടങ്ങൾ, തൊപ്പികൾ, സ്വിം സ്യൂട്ടുകൾ എന്നിവയും പരിശോധിച്ചു. പരിശോധിച്ച 65 ശതമാനം സാമ്പിളുകളിലും ഫ്ലൂറിൻ കണ്ടെത്തി. ഇതിൽ ഭൂരിഭാഗവും യൂണിഫോമിലാണ്. പ്രത്യേകിച്ച് 100 ശതമാനം പരുത്തിയാണെന്ന് അവകാശപ്പെടുന്ന തുണിത്തരങ്ങളിൽ. ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നത് രോഗപ്രതിരോധ ശേഷിയെ ദുർബലപ്പെടുത്തുകയും, ആസ്ത്മ, അമിതവണ്ണം, മസ്തിഷ്ക വികസന പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും പഠനം പറയുന്നു. ഈ രാസവസ്തുക്കൾ കുട്ടികളിൽ കോവിഡ് വാക്സിന്‍റെ ഫലപ്രാപ്തി കുറയ്ക്കുമെന്നും പറയപ്പെടുന്നു. ഇക്കാര്യത്തിൽ കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നാണ് ഗവേഷണ സംഘം പറയുന്നത്.

By newsten