ന്യൂയോര്‍ക്ക്: റഷ്യ-ഉക്രൈൻ യുദ്ധത്തിൽ ശക്തമായ പ്രസ്താവനയുമായി ഇന്ത്യ. യുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യ-ഉക്രൈൻ യുദ്ധത്തിൽ വലിയ ആശങ്കയുണ്ടെന്നും ഇന്ത്യ പറഞ്ഞു. യുഎൻ രക്ഷാസമിതിയിൽ സംസാരിക്കവെയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം വ്യക്തമാക്കിയത്.
“ഉക്രൈൻ സംഘർഷം അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്.
എല്ലാ ശത്രുതകളും ഉടനടി അവസാനിപ്പിച്ച് ചർച്ചയിലേക്കും നയതന്ത്രത്തിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകത ഇന്ത്യ ശക്തമായി ആവർത്തിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ ഊന്നിപ്പറഞ്ഞതുപോലെ, ഇത് യുദ്ധത്തിന്റെ യുഗമാക്കാൻ കഴിയില്ല,” ജയശങ്കർ പറഞ്ഞു.
ഉക്രൈൻ യുദ്ധത്തോടുള്ള തന്റെ വിയോജിപ്പ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അറിയിച്ചിരുന്നു. “സംഘർഷ സാഹചര്യങ്ങളിൽ പോലും, മനുഷ്യാവകാശങ്ങളുടെയോ അന്താരാഷ്ട്ര നിയമങ്ങളുടെയോ ലംഘനത്തിന് ഒരു ന്യായീകരണവുമില്ല. അത്തരം പ്രവൃത്തികൾ സംഭവിക്കുമ്പോൾ, അവ വസ്തുനിഷ്ഠവും സ്വതന്ത്രവുമായ രീതിയിൽ അന്വേഷിക്കേണ്ടത് അനിവാര്യമാണ്,” ജയശങ്കർ കൂട്ടിച്ചേർത്തു.