കൊച്ചി: കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് എറണാകുളം ജില്ലയിൽ പര്യടനം ആരംഭിക്കും. ഇന്നലെ വൈകിട്ട് ജില്ലാ അതിർത്തിയായ അരൂരിൽ സമാപിച്ച യാത്ര രാവിലെ കുമ്പളം ടോൾ ജംഗ്ഷനിൽ നിന്ന് ആരംഭിക്കും. 18 കിലോമീറ്റർ സഞ്ചരിച്ച് യാത്ര ഇന്ന് ഇടപ്പള്ളി സെന്റ് ജോർജ് പള്ളി പരിസരത്ത് സമാപിക്കും.
രാവിലെ കുമ്പളം ടോൾ പ്ലാസയിൽ നിന്ന് ആരംഭിക്കുന്ന രാഹുലിന്റെ യാത്ര ബൈപ്പാസ് വഴി സഞ്ചരിച്ച് രാത്രി 10.30 ഓടെ ഇടപ്പള്ളി പള്ളിമുറ്റത്ത് എത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് ട്രാൻസ്ജെൻഡേഴ്സ് ഉൾപ്പെടെയുള്ള സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. വൈകിട്ട് നാലിൻ ഇടപ്പള്ളി ടോൾ മുതൽ ആലുവ വരെ പദയാത്ര തുടരും. ആദ്യ ദിവസത്തെ പര്യടനം വൈകിട്ട് ഏഴിന് ആലുവ സെമിനാരിപ്പടി ജംഗ്ഷനിൽ സമാപിക്കും. ആലുവ യുസി കോളേജിലാണ് രാഹുലും സംഘവും താമസിക്കുന്നത്. ഈ സമയത്ത് ജാഥയിൽ ജില്ലയിൽ പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് ഡിസിസി നേതൃത്വത്തിന്റെ തീരുമാനം. വൈകിട്ട് ഏഴിന് ആലുവയിൽ നടക്കുന്ന സമാപനച്ചടങ്ങിൽ രാഹുൽ ഗാന്ധി സംസാരിക്കും.
അതേസമയം, ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന ദേശീയപാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തേക്കുള്ള വലിയ കണ്ടെയ്നറുകൾക്ക് ദേശീയപാതയിലേക്ക് പ്രവേശനമുണ്ടാകില്ല. അങ്കമാലിയിൽ നിന്ന് എം.സി റോഡ് വഴി തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്ന് ആലപ്പുഴയിലേക്കും തിരുവനന്തപുരത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർ കണ്ണമാലി ചെല്ലാനം തീരദേശ റോഡിലൂടെ പോകണം.