ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ഒരു പതിവു നുണയ’നാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ്. ഇന്ത്യയിൽ ചീറ്റകളുടെ വംശനാശത്തിന് ശേഷം അവയെ തിരികെ കൊണ്ടുവരാൻ പതിറ്റാണ്ടുകളായി “അർത്ഥവത്തായ ശ്രമം” ഉണ്ടായിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി, ചീറ്റ പദ്ധതിയുടെ പ്രാരംഭ നടപടികൾ 2009 ൽ തന്നെ ആരംഭിച്ചതായി കാണിച്ച് ജയറാം രമേശ് സോഷ്യൽ മീഡിയയിൽ ഒരു കത്തുമായി രംഗത്തെത്തി. 2009-ലാണ് ചീറ്റ പദ്ധതി ആരംഭിച്ചത് എന്ന് വ്യക്തമാക്കുന്ന കത്താണിത്. “നമ്മുടെ പ്രധാനമന്ത്രി സ്ഥിരം നുണയനാണ്. ഭാരത് ജോഡോ യാത്രയുടെ ജോലിയിലായതിനാൽ ഇന്നലെ ഈ കത്ത് തിരയാൻ എനിക്ക് സമയം ലഭിച്ചില്ല,” രമേശ് ട്വീറ്റ് ചെയ്തു. രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് പരിസ്ഥിതി, വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന ജയറാം രമേശ് 2009 ഒക്ടോബറിൽ വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ പ്രതിനിധിക്ക് കത്തയച്ചിരുന്നു. ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ഒരു റോഡ് മാപ്പ് തയ്യാറാക്കണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെടുന്നു. ചീറ്റകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള യുപിഎ സർക്കാരിന്റെ പദ്ധതി 2012 ൽ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. ആഫ്രിക്കൻ ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് പുനരുജ്ജീവിപ്പിക്കുന്നത് ഇന്‍റർനാഷണൽ നേച്ചർ കൺസർവേഷൻ യൂണിയന്‍റെ (ഐയുസിഎൻ) മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്ന് പരിസ്ഥിതി പ്രവർത്തകർ അവകാശപ്പെടുന്നു.