കോഴിക്കോട്: മാനസികാരോഗ്യ ചികിത്സാ രംഗത്തെ പ്രമുഖനും കോഴിക്കോട് വിജയ ആശുപത്രി സ്ഥാപകനുമായ ഡോ.എൻ.വിജയൻ (93) നിര്യാതനായി. 20 വർഷത്തോളം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ച അദ്ദേഹം കോഴിക്കോട് കുതിരവട്ടം, ഊളമ്പാറ മനോരോഗാശുപത്രികളുടെ സൂപ്രണ്ടായിരുന്നു. മലബാറിൽ ശ്രീനാരായണ പ്രസ്ഥാനത്തിന്റെ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം മുൻനിരയിലായിരുന്നു.
1929-ൽ കൊല്ലത്ത് കണ്ടച്ചിറയിൽ പുതുവൽ പുത്തൻവീട്ടിൽ അധ്യാപകനായ നാരായണന്റെയും സംഗീതജ്ഞയായ അമ്മുക്കുട്ടിയുടെയും മകനായാണ് ജനനം. മുൻ മുഖ്യമന്ത്രി ആർ.ശങ്കർ അദ്ദേഹത്തിന്റെ അമ്മാവനാണ്. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന എൻ കുമാരന്റെ മകൾ പരേതയായ പ്രസന്നയാണ് ഭാര്യ. മക്കൾ: ഡോ.റോയി വിജയൻ, രാജേഷ് വിജയൻ (ഇരുവരും വിജയ ആശുപത്രിയിൽ), റാണി (തിരുവനന്തപുരം). സഹോദരങ്ങൾ: വിദുരൻ, പരേതനായ വിമലൻ. ശവസംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നാണ്. എൻ വിജയൻ എം.ബി.ബി.എസ് നേടിയത്. 6 പതിറ്റാണ്ടോളം മാനസികരോഗചികിത്സാ രംഗത്ത് പ്രവർത്തിച്ച അദ്ദേഹം മലബാറിലെ ആദ്യകാല വിദഗ്ധരിലൊരാളായിരുന്നു.