ആലപ്പുഴ: രാഹുൽ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയ്ക്കിടെയാണ് ഡിസ.സി പ്രസിഡന്റിന്റെ പോക്കറ്റടിച്ചു. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ പോക്കറ്റിൽ നിന്നാണ് 5000 രൂപ കവർന്നത്. പണം പോക്കറ്റിൽ ഒരു കവറിൽ സൂക്ഷിച്ചിരുന്നു. കൃഷ്ണപുരത്ത് നടന്ന സ്വീകരണത്തിനിടെയാണ് സംഭവം.
ജോഡോ യാത്രയുടെ തിരുവനന്തപുരം ജില്ലയിലെ പര്യടനത്തിനിടെയും സമാനമായ സംഭവം നടന്നിരുന്നു. രാഹുൽ ഗാന്ധിയെ കാണാൻ കാത്തുനിന്ന ആളുകളെയാണ് നാലംഗ സംഘം പോക്കറ്റടിച്ചത്. ജോഡോ യാത്ര കടന്നുപോയ കരമനയിലും തമ്പാനൂരിലും പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. ഇതോടെയാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. നാലംഗ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
കൊല്ലം ജില്ലയിൽ പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര ഇന്ന് ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. രാവിലെ കൊല്ലം പുതിയ കാവിൽ നിന്ന് ആരംഭിച്ച യാത്രയ്ക്ക് ആലപ്പുഴ ജില്ലാ അതിർത്തിയായ കൃഷ്ണപുരത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ സ്വീകരണം നൽകി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജോഡോ യാത്ര ദിവസങ്ങൾ ആലപ്പുഴ ജില്ലയിലൂടെയാണ്. നാല് ദിവസം കൊണ്ട് ജില്ലയിൽ 90 കിലോമീറ്റർ താണ്ടും. യാത്രയുടെ ആദ്യ ഘട്ടം കായംകുളത്ത് സമാപിച്ചു. ഉച്ചകഴിഞ്ഞ് 3.30ന് ആരംഭിക്കുന്ന രണ്ടാം ഘട്ടം നങ്ങ്യാർകുളങ്ങര എൻ.ടി.പി.സി ജംഗ്ഷനിൽ സമാപിക്കും.