Spread the love

തിരുവനന്തപുരം: കേരളത്തിലെ എയ്ഡഡ് കോളേജുകളിലെ അധ്യാപകരുടെ വിരമിക്കൽ പ്രായം 65 ആക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ ഇന്ദിരാ ബാനർജി, ജെ.കെ. മഹേശ്വരി എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ചാണ് ഹർജി തള്ളിയത്. വിരമിക്കൽ പ്രായം തീരുമാനിക്കുന്നത് സർക്കാരിന്റെ നയപരമായ കാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി ഹർജി തള്ളിയത്.

2010ലെ യു.ജി.സി ചട്ടപ്രകാരം കോളേജ് അധ്യാപകരുടെ ശമ്പളം സംസ്ഥാന സർക്കാർ വർധിപ്പിച്ചിരുന്നു. എന്നാൽ വിരമിക്കൽ പ്രായം അറുപത്തിയഞ്ചായി ഉയർത്താൻ ചട്ടം അനുശാസിക്കുന്നുണ്ടെന്നും സർക്കാർ അത് നടപ്പാക്കിയിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ യുജിസി നിയോഗിച്ച ശമ്പള കമ്മീഷനും ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചിരുന്നു.

എന്നാൽ കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം ഉയർത്താൻ ശുപാർശ ചെയ്യുന്ന സർക്കുലർ 2012 ൽ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം പിൻവലിച്ചതായി സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ വാദിച്ചു. വിരമിക്കൽ പ്രായം ഉയർത്തുന്നതുമായി ബന്ധപ്പെട്ട നയപരമായ വിഷയത്തിൽ സംസ്ഥാന സർക്കാരിന് തീരുമാനമെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു. സമാനമായ ആവശ്യമുന്നയിച്ച് ബീഹാറിൽ നിന്നുള്ള അധ്യാപകർ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയതായും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

By newsten