ദില്ലി: പാർലമെന്‍റിന്‍റെ മണ്‍സൂണ്‍ സമ്മേളനത്തിന്‍റെ എട്ടാം ദിവസവും കേന്ദ്ര സർക്കാരും പ്രതിപക്ഷവും കൊമ്പുകോർത്തു തന്നെ. എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെങ്കിൽ എംപിമാർ മാപ്പ് പറയണമെന്ന് പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. മാത്രവുമല്ല പ്ലക്കാർഡുകൾ ഇനി സഭയിൽ പ്രദർശിപ്പിക്കരുതെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഇതുവരെ 24 പ്രതിപക്ഷ എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. ഇതൊരു റെക്കോർഡാണ്. രാജ്യസഭയിൽ നിന്നുള്ള 20 എംപിമാരെയും ലോക്സഭയിൽ നിന്ന് നാല് പേരെയുമാണ് സസ്പെൻഡ് ചെയ്തത്. പാർലമെന്‍റിൽ ബഹളമുണ്ടാക്കുക, സഭാനടപടികൾ തടസ്സപ്പെടുത്തുക, മോശമായി പെരുമാറുക തുടങ്ങിയവക്കാണ് സസ്പെൻഷൻ.
വിലക്കയറ്റം സംബന്ധിച്ച് ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നാണ് നിലപാട്. കോവിഡ്-19 രോഗമുക്തി നേടിയ ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് എത്തിയതായി പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. പ്രതിപക്ഷത്തിന് വേണമെങ്കിൽ ഇന്ന് തന്നെ ചർച്ച ആരംഭിക്കാമെന്നും ജോഷി പറഞ്ഞു.