Spread the love

കണ്ണൂർ: കോൺഗ്രസിനും കെപിസിസി പ്രസിഡന്‍റ് കെ സുധാകരനുമെതിരെ രൂക്ഷവിമർശനവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. എൽ.ഡി.എഫിലെ അസംതൃപ്തരായ സഖ്യകക്ഷികളെ മുന്നണിയിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ കോൺഗ്രസ് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് ജയരാജന്‍റെ വിമർശനം. സ്വന്തം പാളയത്തിലെ ഉൾപ്പോരും ഗ്രൂപ്പ് തർക്കവും ശക്തിപ്പെടുത്താൻ മാത്രമാണ് കോൺഗ്രസ് ശിബിരം സഹായിച്ചതെന്നും പാൽ നൽകിയ കൈയിൽ കൊത്തുന്ന രാഷ്ട്രീയം നടപ്പാക്കുന്നവർ ഒരിക്കലും നേരെയാകാൻ പോകുന്നില്ലെന്നും എം.വി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പോസ്റ്റിന്‍റെ പൂർണ്ണരൂപം:

“പാല് നൽകിയ കൈയ്ക്ക് തന്നെ കൊത്തുന്നവരുടെ രാഷ്ട്രീയം”
പാല് നൽകിയ കൈയ്ക്ക് തന്നെ തിരിച്ചു കൊത്തുന്ന രാഷ്ട്രീയരംഗത്തുള്ള ഒരാളുടെ പേര് പറയാമോ? ഒരു ക്ലൂ തരാം. കോൺഗ്രസിലാണ് കക്ഷി. ആജാനുബാഹുവാണ് ആൾ. ഇപ്പോൾ പിടികിട്ടി അല്ലെ! വോട്ട് നൽകിയാൽ ഇരന്നു വാങ്ങിയ മരണം സമ്മാനിക്കുന്ന ശീലം. കെ പി സി സി പ്രസിഡന്റ് സ്ഥാനം ലഭിച്ച ശേഷം ഗ്രൂപ്പിനെ തള്ളിപ്പറയുന്ന പ്രകൃതം. അതോടൊപ്പം മുന്നണിക്കകത്തെ ഘടകകക്ഷികളെ പുകച്ചു പുറത്തു ചാടിക്കുന്ന ശീലം.
ഇത്തരത്തിൽ അപൂർവം ചിലർ മാത്രമാണ് രാഷ്ട്രീയ നേതൃത്വത്തിൽ ഉള്ളത്. സമാന രാഷ്ട്രീയനയം സ്വീകരിക്കുന്ന പാർട്ടിയായി കോൺഗ്രസ് മാറി എന്നാണ് ചിന്തൻ ശിബിരം കഴിഞ്ഞപ്പോൾ ചെന്നിത്തലയ്ക്കും ഘടകകക്ഷി നേതാക്കൾക്കും വ്യക്തമായത്. താൻ നയിച്ച ഗ്രൂപ്പിന്റെ ഉപസേനാധിപൻമാരായിരുന്നു കോൺഗ്രസിലെ മൂവർസംഘം എന്നും പിന്നീട് തന്നെ ഒതുക്കാൻ ശ്രമിച്ചതായും അനുഭവത്തിലൂടെ ബോധ്യപ്പെട്ടെന്നുമാണ് മുൻ പ്രതിപക്ഷനേതാവ് പറഞ്ഞത്.
തുടർച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടിവന്ന കോൺഗ്രസ് ചിന്തൻ ശിബിരത്തിൽ ഒത്തുകൂടിയപ്പോൾ ഹാളിനകത്തും പുറത്തും ഗ്രൂപ്പ് തർക്കമില്ലാതെ ഒത്തുകൂടി എന്നും പ്രത്യയശാസ്ത്രം ഊർജംനേടി എന്നുമാണ് ചില കോൺഗ്രസ് അനുകൂല മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. മുന്നണി വിപുലീകരിക്കാനുള്ള രാഷ്ട്രീയപ്രമേയം അംഗീകരിക്കുകയും എൽ ഡി എഫിലെ ചില കക്ഷികളെ ക്ഷണിക്കുകയും ചെയ്തു കൊണ്ടാണ് മാറ്റത്തിന്റെ കാഹളം മുഴക്കിക്കൊണ്ടുള്ള കെ പി സി സി പ്രസിഡൻ്റിൻ്റെ പ്രഖ്യാപനം. എന്നാൽ കോഴിക്കോട് ശിബിരം കഴിഞ്ഞയുടൻ തന്നെ പുത്തരിയിൽ തന്നെ കല്ലുകടി ആരംഭിച്ചു. മുന്നണി വിപുലീകരണം കോൺഗ്രസിന്റെ മാത്രം അഭിപ്രായം ആണെന്നും അത് തീരുമാനിക്കേണ്ടത് യുഡിഎഫ് ആണെന്നും കോൺഗ്രസ് ഒറ്റയ്ക്കല്ലെന്നും ചില ഘടകകക്ഷി നേതാക്കളും പരസ്യമായി പറഞ്ഞു’. അദ്ദേഹം കുറിച്ചു

By newsten