Spread the love

ന്യൂഡൽഹി: ദോക്‌ലാമിന് സമീപം വീണ്ടും ഗ്രാമം നിർമിച്ച് ചൈന. രണ്ട് ഗ്രാമങ്ങളുടെ നിർമ്മാണം പൂർത്തിയാക്കിയ ചൈന ഇതിനകം മൂന്നാമത്തെ ഗ്രാമം നിർമ്മിക്കുന്നതിനുള്ള പ്രക്രിയ ആരംഭിച്ചതായി ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും വ്യക്തമായി. അമോ ചു നദിക്കരയിലാണ് പുതിയ ഗ്രാമം പണിയുന്നത്. നദിക്ക് കുറുകെ ഒരു പാലവും നിർമ്മിച്ചു.

നിർമ്മാണം പൂർത്തിയായ ഗ്രാമങ്ങളിലെ എല്ലാ വീടുകൾക്കും മുന്നിൽ കാർ പാർക്ക് ചെയ്തിട്ടുണ്ടെന്നും ആളുകൾ താമസിക്കാൻ തുടങ്ങിയെന്ന് വ്യക്തമാണെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 2017ലാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കം രൂക്ഷമായത്. ഇതോടെ അതിർത്തിയിൽ ചൈന വൻ തോതിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തി.

ദോക്‌ലാം പീഠഭൂമിയിൽ നിന്ന് വെറും ഒൻപത് കിലോമീറ്റർ അകലെയാണ് ചൈന നിർമാണം നടത്തുന്നത്. ഇന്ത്യയുടെ തന്ത്രപ്രധാന സ്ഥലമായ ദോക്‌ലാമിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന അമോ ചുവിൽ നിർമ്മാണം ആശങ്കാജനകമാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന സിലിഗുരി ഇടനാഴിയുമായി ചൈനയ്ക്ക് എളുപ്പത്തിൽ ബന്ധപ്പെടാൻ കഴിയും. അതേസമയം സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ജി പറഞ്ഞു. രാജ്യത്തിന്‍റെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

By newsten