തിരുവനന്തപുരം: നിതി ആയോഗിന്റെ ഇന്ത്യ ഇന്നൊവേഷൻ ഇൻഡക്സ് 2021ൽ പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ കേരളം എട്ടാം സ്ഥാനത്ത്. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി പുറത്തിറക്കിയ നീതി ആയോഗിന്റെ ഇന്ത്യാ ഇന്നൊവേഷൻ ഇൻഡക്സിന്റെ മൂന്നാം പതിപ്പിൽ കർണാടക, മണിപ്പൂർ, ചണ്ഡീഗഢ് തുടങ്ങിയ സംസ്ഥാനങ്ങൾ ഒന്നാമതെത്തി.
‘പ്രധാന സംസ്ഥാനങ്ങൾ’ വിഭാഗത്തിൽ കർണാടക വീണ്ടും ഒന്നാമതെത്തിയപ്പോൾ, ‘വടക്കുകിഴക്കൻ മലയോര സംസ്ഥാനങ്ങൾ’ എന്ന വിഭാഗത്തിൽ മണിപ്പൂരും ‘കേന്ദ്രഭരണ പ്രദേശങ്ങളും നഗര സംസ്ഥാനങ്ങളും’ എന്ന വിഭാഗത്തിൽ ചണ്ഡീഗഢും ഒന്നാം സ്ഥാനം നേടി. പ്രധാന സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ എട്ടാം സ്ഥാനത്താണ് കേരളം.
നീതി ആയോഗും ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കോംപറ്റിറ്റീവ്നെസും സംയുക്തമായി തയ്യാറാക്കിയ ഇന്ത്യയുടെ ഇന്നൊവേഷൻ ഇൻഡക്സ് രാജ്യത്തിന്റെ നൂതനാശയ ആവാസവ്യവസ്ഥയുടെ വിലയിരുത്തലിനും വികസനത്തിനുമുള്ള സമഗ്ര ഉപകരണമാണ്. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഇടയിൽ ആരോഗ്യകരമായ മത്സരം കെട്ടിപ്പടുക്കുന്നതിനാണ് അവരുടെ നൂതനാശയ പ്രകടനം റാങ്ക് ചെയ്യുന്നത്.