ദില്ലി: പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് കമ്പനിയായ ഫോൺപേ അതിന്റെ ആസ്ഥാനം സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അതേസമയം, ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായ ഫ്ലിപ്കാർട്ട് സിംഗപ്പൂരിൽ തുടരും.
2020 ഡിസംബറിലാണ് ഫ്ലിപ്കാർട്ടിൽ നിന്ന് ഫോൺപേ വേറിട്ടത്. രാജ്യത്തെ ഏറ്റവും മികച്ച ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലൊന്നായ ഫ്ലിപ്കാർട്ട് പിന്നീട് ഫോൺപേയുടെ ഏറ്റവും വലിയ ഓഹരിയുടമയായി മാറി. സിംഗപ്പൂരിൽ നിന്ന് ഇന്ത്യയിലേക്ക് ഫോൺ പേ മാറ്റുമെന്ന വാർത്തയോട് ഫോൺപേയോ ഫ്ലിപ്കാർട്ടോ പ്രതികരിച്ചിട്ടില്ല.
അതേസമയം, ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഫോൺപേ പദ്ധതിയിടുന്നതായും റിപ്പോർട്ടുകളുണ്ട്. 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ഫോൺപേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ൽ നിന്ന് 5,400 ആയി ഉയർത്തും.