Spread the love

തിരുവനന്തപുരം : നാഷണൽ ഹെറാൾഡ് കേസിൽ ഇഡിയുടെ നീക്കം കോൺഗ്രസ്‌ നേതാക്കളെ അപമാനിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ പ്രതികരണം. രാജ്യം ഭരിക്കുന്നവർ ഭയപ്പെടുന്നുണ്ട്. സോണിയയോ രാഹുലോ ഇക്കാര്യത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. വി ഡി സതീശൻ കൂട്ടിച്ചേർത്തു.

നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് എല്ലാവർക്കും അറിയാം. പുകമറ സൃഷ്ടിച്ച് അപമാനിക്കാനാണ് ഇ ഡിയുടെ നീക്കം. പ്രധാനമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടും പ്രധാനമന്ത്രിയാകാൻ വിസമ്മതിച്ച സോണിയാ ഗാന്ധിയെയാണ് കേന്ദ്ര സർക്കാർ കടന്നാക്രമിക്കുന്നതെന്നും വിഡി സതീശൻ പറഞ്ഞു. കോൺഗ്രസ്‌ കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവർ ഭയപ്പെടുകയാണെന്നും സതീശൻ ആരോപിച്ചു. രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാത്ത നേതാവാണ് സോണിയാ ഗാന്ധിയെന്ന് വി ഡി സതീശൻ പറഞ്ഞു.

അതേസമയം, നയതന്ത്ര സ്വർണക്കടത്ത് കേസ് ഇഡി അന്വേഷിക്കേണ്ടെന്നാണ് കോൺഗ്രസ്‌ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലും വിശ്വാസമില്ല. സ്വർണക്കടത്ത് സബ്മിഷൻ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. സ്വർണക്കടത്ത് കേസിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ഒത്തുതീർപ്പ് പാലമാണ് ഇ ഡി. അതുകൊണ്ടാണ് ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടത്,” സതീശൻ പറഞ്ഞു.

By newsten