ന്യൂഡല്ഹി: കോൺഗ്രസ് ദേശീയ നേതൃത്വത്തെ ചോദ്യം ചെയ്ത ജി 23 ഗ്രൂപ്പിലെ അംഗമായ ഗുലാം നബി ആസാദിന് പുതിയ ചുമതല. സ്വന്തം സംസ്ഥാനമായ ജമ്മു കശ്മീരിൽ ആസാദിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. ആസാദിന്റെ നേതൃത്വത്തിലാണ് കോൺഗ്രസ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുക. മാത്രമല്ല, എജി മിറിനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റാനും കോൺഗ്രസിന് പദ്ധതിയുണ്ട്. കശ്മീരിലെ കോൺഗ്രസ് നേതാക്കളുടെ നിരന്തരമായ അഭ്യർത്ഥന പരിഗണിച്ചാണ് ഹൈക്കമാൻഡ് പുതിയ മാറ്റങ്ങൾക്ക് തുടക്കമിട്ടിരിക്കുന്നത്. ജമ്മു കശ്മീരിൽ ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. പ്രാദേശിക പാർട്ടികളെ മറികടക്കണമെങ്കിൽ ആസാദ് തിരിച്ചുവരണമെന്നാണ് കശ്മീരിലെ കോൺഗ്രസ് നേതാക്കളുടെ നിലപാട്.
2019ലാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ പദവി റദ്ദാക്കിയത്. ഇത് പിന്നീട് ജമ്മു കശ്മീർ, ലഡാക്ക് എന്നീ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. ഇവയിൽ, ലഡാക്ക് ഒരു നിയമനിർമ്മാണസഭയില്ലാത്ത കേന്ദ്രഭരണ പ്രദേശമാണ്. ലഡാക്ക് കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. എന്നാൽ ജമ്മു കശ്മീരിന് നിയമസഭയുണ്ട്. ഡൽഹി മോഡൽ ഭരണമായിരിക്കും ഇവിടെ ഉണ്ടാവുക.
ലഫ്റ്റനന്റ് ഗവർണർ ആയിരിക്കും കശ്മീരിലെ കേന്ദ്ര പ്രതിനിധി. നിലവിൽ ലഫ്റ്റനന്റ് ഗവർണറാണ് കശ്മീർ ഭരണാധികാരി. മണ്ഡല പുനർനിർണയത്തിന് ശേഷം നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് കശ്മീർ.