Spread the love

കണ്ണൂർ: മങ്കിപോക്സ് ലക്ഷണങ്ങളുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ. യുവാവിനെ നിരീക്ഷിച്ചുവരികയാണെന്നും സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സ്രവത്തിന്‍റെ പരിശോധനാഫലം വന്നിട്ടില്ല. ഇത് വന്നാൽ മാത്രമേ ഇത് മങ്കി പോക്സ് ആണോ അല്ലയോ എന്ന് സ്ഥിരീകരിക്കാൻ കഴിയൂവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഗൾഫിൽ നിന്ന് മംഗലാപുരം വിമാനത്താവളം വഴിയാണ് ഇയാൾ കഴിഞ്ഞ ദിവസം എത്തിയത്. ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ റൂമിൽ നിരീക്ഷണത്തിലാണ് അദ്ദേഹം ഇപ്പോൾ.

ഇന്ത്യയിൽ ആദ്യമായി മങ്കി പോക്സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. വിദേശത്ത് നിന്നെത്തിയ കൊല്ലം സ്വദേശിക്ക് ജൂലൈ 14നാണ് മങ്കി പോക്സ് സ്ഥിരീകരിച്ചത്. രോഗിയുമായി കൂടുതൽ നേരം അടുത്തിടപഴകിയാൽ മാത്രമേ രോഗം പകരുകയുള്ളൂ. പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ജാഗ്രത മതിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുള്ളവർ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടണമെന്നും സ്വയം ക്വാറന്‍റൈനിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നത് ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

By newsten