Spread the love

മുംബൈ: 75 സംസ്ഥാനങ്ങൾ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്‌ നേതാവ്. മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ്‌ നേതാക്കളിൽ ഒരാളായ ആശിഷ് ദേശ്മുഖാണ് ഈ ആവശ്യം ഉന്നയിച്ചത്. കാത്തൂർ മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയാണ് അദ്ദേഹം. മഹാരാഷ്ട്രയിലെ വിദർഭ മേഖലയെ പ്രത്യേക സംസ്ഥാനമാക്കണമെന്ന് ദേശ്മുഖ് വളരെക്കാലമായി ആവശ്യപ്പെടുന്നു. ചെറിയ സംസ്ഥാനങ്ങൾ സൃഷ്ടിക്കണമെന്നും എങ്കിൽ മാത്രമേ വികസനം എല്ലാവരിലേക്കും എത്തുകയുള്ളൂവെന്നും, ഓരോ പൗരനും ശബ്ദമുയർത്താൻ കഴിയൂവെന്നും ദേശ്മുഖ് പറഞ്ഞു.

ഇന്ത്യയിൽ 28 സംസ്ഥാനങ്ങളും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളുമുണ്ട്. ഓരോ സംസ്ഥാനത്തും ശരാശരി 5 കോടി ജനങ്ങളുണ്ട്. ഇത് വളരെ കൂടുതലാണ്. വികസിത രാജ്യങ്ങളിൽ നിന്ന് നാം പാഠങ്ങൾ പഠിക്കണം. അമേരിക്കയിൽ 50 സംസ്ഥാനങ്ങളുണ്ട്. ഓരോ സംസ്ഥാനത്തെയും ജനസംഖ്യ 65 ലക്ഷമാണ്.

സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാർഷികം നാം ആഘോഷിക്കുകയാണ്. ഇക്കാലയളവിൽ 75 സംസ്ഥാനങ്ങൾ രൂപീകരിക്കണം. മഹാരാഷ്ട്രയോട് ചേർന്ന് ചെറിയ സംസ്ഥാനങ്ങൾ രൂപീകരിച്ചാൽ ദ്രുതഗതിയിലുള്ള പുരോഗതി ദൃശ്യമാകും. വിദർഭ പോലുള്ള പ്രദേശങ്ങൾ വികസനത്തിന്‍റെ കാര്യത്തിൽ വളരെ പിന്നിലാണ്. ഈ പ്രതിസന്ധിക്ക് പരിഹാരം പ്രത്യേക സംസ്ഥാനങ്ങൾ സൃഷ്ടിക്കുക എന്നതാണ്,” ദേശ്മുഖ് പറഞ്ഞു.

By newsten