Spread the love

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ ഒരു ജനറൽ ആശുപത്രി, ഒരു ജില്ലാ ആശുപത്രി, ഏഴ് താലൂക്ക് ആശുപത്രികൾ എന്നിവയുണ്ട്. ഇതിൽ ബീച്ച് ജനറൽ ആശുപത്രി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും മരുന്നുകളുടെ അഭാവം കടുത്ത പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

പനി പടരാൻ തുടങ്ങിയതോടെ പ്രതിദിനം രണ്ടായിരത്തിലധികം രോഗികളാണ് ബീച്ച് ആശുപത്രിയിൽ എത്തുന്നത്. ഞായറാഴ്ചകളിൽ പോലും കുറഞ്ഞത് 1,000 പേരെങ്കിലും വരുന്നതായി ആശുപത്രി രേഖകൾ വ്യക്തമാക്കുന്നു. മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന ആശുപത്രിയാണിത്. ഇവിടെയെത്തുന്നവരിൽ ഭൂരിഭാഗവും തീരപ്രദേശങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്.

പനിയും കഫവുമായി വരുന്നവർ ആന്‍റിബയോട്ടിക്കുകൾക്കായി പുറത്തുള്ള സ്വകാര്യ മെഡിക്കൽ ഷോപ്പുകളെ ആശ്രയിക്കേണ്ടിവരും. മരുന്നുകൾ ഇവിടെ എത്തിത്തുടങ്ങിയെങ്കിലും അമോക്സിലിൻ ലഭ്യമല്ലെന്നായിരുന്നു വെള്ളിയാഴ്ച വരെയുള്ള റിപ്പോർട്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നുകൾ വിതരണം ചെയ്തുകൊണ്ടല്ല, മറിച്ച് മറ്റ് ആശുപത്രികളിൽ കെട്ടി കിടക്കുന്ന മരുന്നുകൾ സ്വന്തമായി വാങ്ങിയാണ് ആശുപത്രി പ്രതിസന്ധിയെ മറികടക്കുന്നത്. അതുകൊണ്ട് മറ്റിടങ്ങളിലേതുപോലെ ബുദ്ധിമുട്ട് നേരിട്ടിട്ടില്ല.

By newsten