വാഷിങ്ടൻ: റഷ്യയിൽ നിന്ന് എസ്-400 മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധത്തിൽ നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള ഭേദഗതി ശബ്ദവോട്ടോടെ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. ചൈനയുടെ വെല്ലുവിളി നേരിടാനാണ് ഇന്ത്യ റഷ്യൻ മിസൈൽ സംവിധാനം വാങ്ങുന്നത്. നാഷണൽ ഡിഫൻസ് ഓതറൈസേഷൻ ആക്ടിന്റെ പരിഗണനയ്ക്കിടെ ഏകകണ്ഠമായാണ് നിയമനിര്‍മാണ ഭേദഗതി പാസാക്കിയത്
ചൈനയെപ്പോലുള്ള അധിനിവേശകരെ തടയാൻ സഹായിക്കുന്നതിന് അമേരിക്കയുടെ എതിരാളികള്‍ക്കുള്ള ഉപരോധ നിയമത്തില്‍ (സിഎഎടിഎസ്എ) ഇന്ത്യയ്ക്ക് ഇളവ് നല്‍കുന്നതിന് അധികാരം ഉപയോഗിക്കാന്‍ ബൈഡന് ഭരണകൂടത്തോട് ആവശ്യപ്പെടുന്നുവെന്ന് ഭേദഗതിയില്‍ പറയുന്നു. ചൈനയിൽ നിന്നുള്ള ആക്രമണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അമേരിക്ക ഇന്ത്യക്കൊപ്പം നിൽക്കണമെന്ന് ഭേദഗതി അവതരിപ്പിച്ച റോ ഖന്ന പറഞ്ഞു.
2014 ൽ ക്രിമിയ പിടിച്ചടക്കിയതിനും 2016 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഇടപെടലിനും മറുപടിയായി റഷ്യയിൽ നിന്ന് പ്രതിരോധ സംവിധാനങ്ങൾ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ യുഎസ് ഭരണകൂടത്തെ അധികാരപ്പെടുത്തുന്ന നിയമമാണ് സിഎഎടിഎസ്എ. 2017 ൽ അവതരിപ്പിച്ച ഈ നിയമം റഷ്യൻ പ്രതിരോധ, രഹസ്യാന്വേഷണ ഏജൻസികളുമായി ഇടപാടുകളിൽ ഏർപ്പെടുന്ന ഏതൊരു രാജ്യത്തിനെതിരെയും അമേരിക്കയുടെ ശിക്ഷാനടപടികൾ സ്വീകരിക്കാൻ വ്യവസ്ഥ ചെയ്യുന്നു.