ന്യൂ ഡൽഹി: കോൺഗ്രസ് നേതൃയോഗം ഇന്ന് ഡൽഹിയിൽ ചേരും. ഭാരത് യാത്രയുടെ കൂടിയാലോചനകൾക്കൊപ്പം സോണിയ ഗാന്ധിക്കെതിരായ ഇഡി നീക്കത്തെ പ്രതിരോധിക്കുന്നതും യോഗം ചർച്ച ചെയ്യും. ജനറൽ സെക്രട്ടറിമാർ, പി.സി.സി പ്രസിഡന്‍റുമാർ, പോഷക സംഘടനാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അധ്യക്ഷയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനുള്ള ഇ.ഡിയുടെ നീക്കത്തെ വളരെ ഗൗരവത്തോടെയാണ് കോൺഗ്രസ് നേതൃത്വം കാണുന്നത്. ഉച്ചയ്ക്ക് 2.30ന് എ.ഐ.സി.സി ആസ്ഥാനത്ത് ചേരുന്ന നേതൃയോഗം പ്രതിഷേധ പരിപാടികൾ എങ്ങനെ സംഘടിപ്പിക്കണമെന്ന് ചർച്ച ചെയ്യും. രാഹുൽ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുമ്പോൾ സ്വീകരിച്ചതിനേക്കാൾ പ്രതിഷേധം ശക്തമാക്കണമെന്നാണ് നേതൃത്വത്തിനുള്ളിലെ പൊതുവികാരം.
പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ ചർച്ച ചെയ്യാൻ പാർലമെന്‍ററി സ്ട്രാറ്റജി കമ്മിറ്റിയുടെ യോഗവും ഇന്ന് ചേരും. രാത്രി 10.30ന് സോണിയാ ഗാന്ധിയുടെ വസതിയിലാണ് യോഗം. അഗ്നിപഥ്, വനനിയമ ഭേദഗതി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങളും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ചർച്ചയാകും. ഒക്ടോബർ രണ്ടിന് നടക്കാനിരിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തയ്യാറെടുപ്പുകളും ചർച്ച ചെയ്യും. ഒക്ടോബർ രണ്ടിന് ആരംഭിക്കാനിരിക്കുന്ന ‘ഭാരത് ജോഡോ യാത്ര’ അഥവാ യുണൈറ്റഡ് ഇന്ത്യ ക്യാമ്പയിനിന്‍റെ പദ്ധതികളും വ്യാഴാഴ്ച ചേരുന്ന പാർട്ടി യോഗത്തിൽ തീരുമാനിക്കും.