തിരുവനന്തപുരം: എൽ.ഡി.എഫിന്റെ കരുത്ത് കൊണ്ട് മാത്രമാണ് കോൺഗ്രസിന് കേരളത്തിൽ നിൽക്കാൻ കഴിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങളിൽ എന്താണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്.
“അന്ധമായ സിപിഎം വിരോധം വെച്ചുകൊണ്ട് സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ വഴിവിട്ട ശ്രമങ്ങള്‍ നടത്തുമ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിങ്ങള്‍ക്ക് സംഭവിക്കുന്നത് നല്ലതുപോലെ മനസില്‍ കരുതണം.ഇവിടെ ഇങ്ങനെ നിങ്ങൾക്ക് നിൽക്കാൻ കഴിയുന്നത് കേരളത്തിൽ എൽഡിഎഫിന്റെ കരുത്ത് കൊണ്ടാണ് എന്നത് മറക്കരുത്.രാജ്യത്തെ ഇടതുപക്ഷ മുഖങ്ങളായി കണ്ടിരുന്ന സംസ്ഥാനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു ത്രിപുര. അവിടെ ബിജെപിക്ക് വലിയ തോതില്‍ സ്വാധീനം ഉണ്ടായിരുന്നില്ല.അവിടുത്തെ ഇടതുപക്ഷ മുന്നണിയെ തകര്‍ക്കാന്‍ വേണ്ടി ഉപയോഗിച്ചത് അവിടുത്തെ കോണ്‍ഗ്രസിനെയായിരുന്നു. കോണ്‍ഗ്രസിനെ ഒന്നിച്ച് അങ്ങോട്ട് വാരി. അങ്ങനെ എല്‍ഡിഎഫിനെ താഴെയിറക്കാന്‍ നോക്കി. ഉള്ളതുപറയുമ്പോള്‍ കള്ളിക്ക് തുള്ളല്‍ എന്ന് പറയുന്നത് പോലെയാണ് ഇവിടെ നടക്കുന്നത്. അങ്ങനെ വന്നപ്പോള്‍ ത്രിപുരയിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഇല്ലാതായി”- മുഖ്യമന്ത്രി പറഞ്ഞു.