കോഴിക്കോട്: മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന റിപ്പോർട്ടുകളും ചർച്ചകളും തള്ളി മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗ് എൽഡിഎഫിൽ ചേരുമെന്ന വാർത്ത ഗൗരവമായി എടുക്കുന്നില്ലെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള മതേതര മുന്നണിയെ ദേശീയ തലത്തിൽ ശക്തിപ്പെടുത്തുകയാണ് ലീഗിന്റെ ലക്ഷ്യമെന്നും ഇടതുമുന്നണിയിലൂടെ മാത്രമേ മതനിരപേക്ഷത നിലനിർത്താൻ കഴിയൂ എന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പോലും കോൺഗ്രസിനെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു.
ദക്ഷിണേന്ത്യയിൽ ഏറ്റവും സ്വീകാര്യതയുള്ള നേതാവായി എം.കെ സ്റ്റാലിനെ ഉയർത്തിക്കാട്ടുകയാണ്. ആ സ്റ്റാലിൻ പോലും രാഹുൽ ഗാന്ധിയെ ഇന്ത്യയുടെ നേതാവായി ഉയർത്തിക്കാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ദേശീയ തലത്തിൽ നേരിടുന്ന ദൗർബല്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ അഭിസംബോധന ചെയ്യേണ്ടത് കോൺഗ്രസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.