നിങ്ങളുടെ സ്വന്തം രാജ്യം വിട്ട് മറ്റെവിടെയെങ്കിലും താമസിക്കാൻ നിങ്ങൾക്ക് അവസരം ലഭിക്കുകയാണെങ്കിൽ നിങ്ങൾ ഏത് രാജ്യം തിരഞ്ഞെടുക്കും? മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറാനും ഒരു പുതിയ ജീവിതം ആരംഭിക്കാനും നിരന്തരം വർദ്ധിച്ചുവരുന്ന അവസരങ്ങളുടെ പശ്ചാത്തലത്തിൽ മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു ചോദ്യമാണിത്. യുകെ ആസ്ഥാനമായുള്ള വെബ് സൈറ്റായ കമ്പയര്‍ ദി മാര്‍ക്കറ്റ് ഈ ചോദ്യത്തിന് ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ആളുകൾ എന്താണ് ഉത്തരം നൽകിയതെന്ന് കണ്ടെത്താൻ ശ്രമിച്ചു. സർവേയിൽ, ഏറ്റവും കൂടുതൽ പേർ കാനഡയെ അവരുടെ സ്വപ്ന രാജ്യമായി തിരഞ്ഞെടുത്തു. 50 രാജ്യങ്ങളുടെ പട്ടികയിൽ നിന്നാണ് കാനഡയെ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്തത്.
സ്വന്തം രാജ്യം വിട്ട് ചേക്കേറാന്‍ ആഗ്രഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇന്ത്യയുണ്ടെന്നതാണ് ശ്രദ്ധേയം. പട്ടികയിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യ. ബംഗ്ലാദേശ്, ഭൂട്ടാൻ, ഫിൻലാൻഡ്, ഐവറി കോസ്റ്റ്, ലിബിയ, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഇന്ത്യയെ പ്രധാനമായും തിരഞ്ഞെടുത്തത്.
പട്ടികയിൽ കാനഡയ്ക്ക് തൊട്ടുപിറകിലാണ് ജപ്പാൻ. കാനഡ, ജപ്പാൻ, സ്പെയിൻ, ചൈന, ഫ്രാൻസ്, തുർക്കി, ദക്ഷിണാഫ്രിക്ക, ഇന്ത്യ, ഓസ്ട്രേലിയ, ഗ്രീസ് എന്നിവയാണ് പട്ടികയിലെ ആദ്യ പത്ത് രാജ്യങ്ങൾ. ഭരണകൂടത്തിന്റെ സുതാര്യത, പൗരസ്വാതന്ത്ര്യം, സാമ്പത്തിക സ്വാതന്ത്ര്യം, വിദ്യാഭ്യാസം, ആരോഗ്യം, ആയുർദൈർഘ്യം, തൊഴിൽ സാഹചര്യങ്ങൾ തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് സർവേയിൽ പങ്കെടുത്തവർ തങ്ങളുടെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചത്.