അമരാവതി: മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ കിണറ്റിൽ നിന്ന് മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. 47 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മെലാഘട്ടിലെ പാച്ച് ഡോംഗ്രി, കൊയ്ലാരി ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചത്. കിണറ്റിലെ മലിനജലം കുടിച്ച് അധികം വൈകാതെ തന്നെ പലരും കുഴഞ്ഞുവീഴുകയായിരുന്നു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. സംഭവമറിഞ്ഞയുടൻ ഡൽഹിയിലായിരുന്ന ഷിൻഡെ കളക്ടറെ വിളിക്കുകയും അവർക്ക് മികച്ച വൈദ്യസഹായം നൽകാൻ നിർദ്ദേശിക്കുകയും ചെയ്തു. ആവശ്യമെങ്കിൽ രോഗികളെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റണമെന്നും ഷിൻഡെ നിർദ്ദേശിച്ചു.
രണ്ട് ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി ആളുകളാണ് കിണറ്റിൽ നിന്ന് വെള്ളം കുടിച്ചത്. വെള്ളം കുടിച്ച് മിനിറ്റുകൾക്കുള്ളിൽ പലർക്കും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടു. അവരിൽ പലരും വഴിയിൽ കുഴഞ്ഞുവീണു. കിണറിലെ ജലസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.