റോജി എം ജോൺ എംഎൽഎയെ എഐസിസി സെക്രട്ടറിയായി കോൺഗ്രസ് ഹൈക്കമാൻഡ് നിയമിച്ചു. പിസി വിഷ്ണുനാഥിനൊപ്പം കർണാടകയുടെ ചുമതലയും അദ്ദേഹത്തിനായിരിക്കും. എൻ.എസ്.യു ദേശീയ പ്രസിഡന്റായിരുന്നു അദ്ദേഹം. ഒരു വിദ്യാർത്ഥി സംഘടനയുടെ നേതാവായിരുന്നപ്പോൾ കർണാടകയിൽ പ്രവർത്തിച്ച പരിചയവും അദ്ദേഹത്തിനുണ്ട്.
അടുത്ത വർഷം നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റോജിയെ എഐസിസി സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ദേശീയ നേതൃത്വവുമായി സഹകരിച്ച് പ്രവർത്തിച്ച പരിചയം റോജിക്കുണ്ട്.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോൺഗ്രസ് സംസ്ഥാനതല വാർ റൂം ടീമിനെ തിരഞ്ഞെടുത്തിരുന്നു. കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാർ റൂം ചെയർമാനായി ശശികാന്ത് സെന്തിലിനെ തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനിൽ കനുഗോലു വാർ റൂമിന്റെ മേൽനോട്ടം വഹിക്കും.