കൊച്ചി: എറണാകുളം ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കുകയും മരണങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. 7 ഡെങ്കിപ്പനി മരണങ്ങളാണ് ഈ വർഷം സ്ഥിരീകരിച്ചത്. മരണങ്ങളിൽ മിക്കതും രക്തസ്രാവം ഉണ്ടാക്കുന്ന ഡെങ്കിപ്പനി മൂലമാണ്. ഹെമറാജിക് പനി ചികിത്സിച്ചാലും ചിലപ്പോൾ ഭേദമാക്കാൻ കഴിയില്ല. ഈ വർഷം 593 ഡെങ്കിപ്പനി കേസുകളാണ് സ്ഥിരീകരിച്ചത്. 2,269 പേരാണ് ഡെങ്കിപ്പനി സംശയിച്ച് ചികിത്സ തേടിയത്. ഈ മാസം ഇതുവരെ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 243 പേരാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ച് ചികിത്സ തേടിയത്.
രോഗലക്ഷണങ്ങൾ കാണാതെയും വൈറൽ പനി പോലെയും ഡെങ്കിപ്പനി വരികയും പോകുകയും ചെയ്യാം. ചിലപ്പോൾ ഇത് ഡെങ്കി ഹെമറാജിക് പനി, ഡെങ്കി ഷോക്ക് സിൻഡ്രോം തുടങ്ങിയ ഗുരുതരമായ അവസ്ഥയാകാം, ഇത് സങ്കീർണ്ണവും രോഗിയുടെ ജീവന് ഭീഷണിയുമാകാം. രണ്ടാമതും പിടിപെട്ടാൽ ഡെങ്കിപ്പനി കൂടുതൽ ഗുരുതരമാകും. ഡെങ്കിപ്പനി സ്ഥിരീകരിച്ചാൽ രണ്ടാം വരവാണെന്ന മട്ടിൽ അതീവ ജാഗ്രത പുലർത്തണം. 3-4 ദിവസം പനി, തുടർന്ന് പനി കുറയൽ, വർദ്ധിച്ച ക്ഷീണം, വയറുവേദന, ഛർദ്ദി, ശരീരത്തിൽ ചുവന്ന പാട്, രക്തസ്രാവം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങൾ അപകടത്തിന്റെ ലക്ഷണങ്ങളാണ്. വിദഗ്ധ ചികിത്സ അടിയന്തരമായി തേടണം. സ്വയം മരുന്ന് കഴിക്കരുത്.