Spread the love

കോട്ടയം : പാലാ കെ എം മാണി മെമ്മോറിയൽ ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേസുകൾക്കായി ഫോറൻസിക് വിഭാഗം ആരംഭിച്ചു. ആധുനിക മോർച്ചറി സംവിധാനം ഉൾപ്പെടെ ആശുപത്രിയിൽ ഫോറൻസിക് പോസ്റ്റ് അനുവദിച്ച് സർജനെ നിയമിച്ചതോടെയാണ് പുതിയ വിഭാഗം പ്രവർത്തനമാരംഭിച്ചത്. ഫോറൻസിക് വിഭാഗം 11 മുതൽ പ്രവർത്തനം ആരംഭിക്കും.

കെഎം മാണി മന്ത്രിയായിരുന്നപ്പോൾ ഫോറൻസിക് ഡിപ്പാർട്ട്മെൻ്റ് അനുവദിക്കുകയും 78 ലക്ഷം രൂപ ചിലവഴിച്ച് 8 ഫ്രീസർ സൗകര്യമുള്ള കെട്ടിടം നിർമ്മിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോഗ്യ വകുപ്പിൽ ഫോറൻസിക് തസ്തിക സൃഷ്ടിച്ച് ഡോക്ടർമാരെ നിയമിക്കാത്തതിനാൽ ഈ വകുപ്പ് പ്രവർത്തിച്ചില്ല. 14 വർഷത്തിന് ശേഷമാണ് ആശുപത്രിയിൽ ഫോറൻസിക് വിഭാഗം രൂപീകരിച്ചത്.

ഫൊറൻസിക് സർജൻ എന്ന നിലയിൽ ഡോ.സെബിൻ കെ.സിറിയക് ചുമതലയേറ്റു. പുതിയ വിഭാഗത്തിനായി പ്രത്യേക ഓഫീസും ഉപകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മുതൽ 4 വരെയാണ് പ്രവർത്തനം. ഇനി മുതൽ പോലീസ് ഫോറൻസിക് സർജൻ നേരിട്ട് ചെയ്യേണ്ട ആവശ്യമില്ലാത്ത എല്ലാ പോസ്റ്റ്മോർട്ടം കേസുകളും പാലാ ആശുപത്രിയിൽ നടത്താം. ഏത് സമയത്തും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ആശുപത്രിയിൽ ഹൗസ് സർജറി വിഭാഗവും ആരംഭിച്ചിട്ടുണ്ട്.

By newsten