Spread the love

തിരുവനന്തപുരം : ട്രാൻസ്മാൻ ആദം ഹാരിക്ക് സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് എഎ റഹീം എംപി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. വിഷയത്തിൽ മന്ത്രി അടിയന്തരമായി ഇടപെടണമെന്നും ആദം ഹാരിക്ക് ഉടൻ സ്റ്റുഡന്‍റ് പൈലറ്റ് ലൈസൻസ് നൽകണമെന്നും എംപി കത്തിൽ ആവശ്യപ്പെട്ടു. ഹാരിയുടെ അനുഭവം ഒരു വ്യക്തിക്ക് നേരെയുള്ള ആക്രമണം മാത്രമല്ല, മറിച്ച് ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിക്ക് മൊത്തത്തിൽ നേരെയുള്ള ആക്രമണമാണ്. ഇത്തരം അവകാശ നിഷേധങ്ങൾ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ സമയബന്ധിതമായി നയപരമായ മാറ്റങ്ങൾ വരുത്തണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയത്തോടും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനോടും അദ്ദേഹം അഭ്യർത്ഥിച്ചു.

ഹോർമോൺ തെറാപ്പി തുടരുന്നതിനാൽ ഹാരി പറക്കാൻ യോഗ്യനല്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പറഞ്ഞു. “ഒരു എംപി എന്ന നിലയിൽ, ഞാൻ ഈ വിഷയം സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തുകയും ട്രാൻസ് വ്യക്തികൾക്കായി ഒരു നയം രൂപീകരിക്കാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യും, റഹിം പറഞ്ഞു.

“വളരെ ആധുനികമായ ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. ട്രാൻസ് ആളുകളെ പരിഗണിക്കുമ്പോൾ ഇന്ത്യയെക്കാൾ ബഹുദൂരം മുന്നിലാണ്. ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇന്ത്യക്കുള്ളത്. ചരിത്രത്തിൽ നിരവധി തെറ്റുകൾ എഴുതപ്പെട്ടിട്ടുണ്ട്, അവയെല്ലാം ഉടനടി തിരുത്തപ്പെടണം. ട്രാൻസ് വ്യക്തികളെയും മനുഷ്യരായി പരിഗണിക്കണം. അവർ ഒരു തരത്തിലുള്ള വിവേചനത്തിന്‍റെയും ഇരകളാകരുത്. ഈ വിഷയം ദേശീയ തലത്തിലും ഉന്നയിക്കും. ഒരു പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇക്കാര്യം സഭയുടെ ശ്രദ്ധയിൽപ്പെടുത്തും. സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തയച്ചു. ഒരു എം.പി എന്ന നിലയിൽ ഞാൻ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൻ മേൽ സമ്മർദ്ദം ചെലുത്തും, അദ്ദേഹം പറഞ്ഞു.

By newsten