ഇന്ത്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം 22.43 കോടിയായി താഴ്ന്നു. 2004-06ൽ ഇത് 24.78 കോടിയായിരുന്നു. ആകെ ജനസംഖ്യയിൽ 16.3 ശതമാനത്തിനും ഇന്ത്യയിൽ മതിയായ പോഷകാഹാരം ലഭിക്കുന്നില്ല. മുൻ കണക്കു പ്രകാരം ഇത് 21.6 ശതമാനം ആയിരുന്നു.
ഇന്ത്യക്കാരിൽ പൊണ്ണത്തടിയുള്ളവരുടെ എണ്ണം കൂടുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്. സ്ത്രീകളിൽ വിളർച്ചയുള്ളവർ വർധിക്കുന്നതായും അതേസമയം ജനസംഖ്യയിൽ പോഷകാഹാരക്കുറവുള്ളവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോകത്താകെ നോക്കിയാൽ പട്ടിണിയിലുള്ളവരുടെ എണ്ണം വർധിച്ചതായി യുഎൻ ഫുഡ് സെക്യൂരിറ്റി, ന്യൂട്രിഷൻ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 82.8 കോടിയാണ് ലോകത്തെ പട്ടിണിക്കാരുടെ എണ്ണം. 4.6 കോടിയുടെ വർധനയാണ് പട്ടിണിക്കാരുടെ എണ്ണത്തിൽ പോയ വർഷം ഉണ്ടായത്. കോവിഡ് വ്യാപനത്തിനു ശേഷം ലോകത്ത് ദാരിദ്ര്യത്തിലായവരുടെ എണ്ണത്തിലുണ്ടായത് 15 കോടിയുടെ വർധനയാണ്.