Spread the love

തിരുവനന്തപുരം: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രകാരം നടപടിയെടുക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തുടർച്ചയായി ചികിത്സാപ്പിഴവ് നടക്കുന്നുവെന്ന പരാതിയെ തുടർന്നാണ് തങ്കം ആശുപത്രിക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യമന്ത്രിയുടെ നിർദ്ദേശം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആശുപത്രിക്കെതിരെ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്‍റ് ആക്ട് പ്രയോഗിക്കുന്നത്. കളക്ടർ ചെയർമാനായും ഡിഎംഒ വൈസ് ചെയർമാനായും ജില്ലാ രജിസ്ട്രേഷൻ അതോറിറ്റിക്ക് സംഭവം കൃത്യമായി അന്വേഷിക്കാൻ മന്ത്രി നിർദ്ദേശം നൽകി. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ ചികിത്സയിൽ വീഴ്ചയുണ്ടായെന്നാണ് ബന്ധുക്കളുടെ പരാതി. നേരത്തെ അമ്മയും നവജാതശിശുവും പ്രസവത്തെ തുടർന്ന് മരിച്ചിരുന്നു. തത്തമംഗലം സ്വദേശിനി ഐശ്വര്യയാണ് തിങ്കളാഴ്ച മരിച്ചത്. ഐശ്വര്യ ജൻമം നൽകിയ നവജാതശിശു കഴിഞ്ഞ ദിവസമാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഡോക്ടർമാർക്കെതിരെ പൊലീസ് കേസെടുത്തു. എന്നാൽ വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷമേ തുടർനടപടികൾ സ്വീകരിക്കൂ.

By newsten