തിരുവനന്തപുരം : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ കേരളത്തിലെത്തി. അദ്ദേഹം ഇന്ന് മുതൽ കേരളത്തിൽ പ്രചാരണം നടത്തും. ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എത്തിയ യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീർ എന്നിവർ സിൻഹയെ സ്വാഗതം ചെയ്തു.
അദ്ദേഹം ഭരണ പ്രതിപക്ഷ നേതാക്കളെ കണ്ട് അവരുടെ പിന്തുണ തേടും. യശ്വന്ത് സിൻഹ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ എൽഡിഎഫ് എംപിമാരുമായും എംഎൽഎമാരുമായും കൂടിക്കാഴ്ച നടത്തും. യുഡിഎഫ് അംഗങ്ങളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് മൂന്നിന് നടക്കും. തുടർന്ന് വാർത്താസമ്മേളനത്തീലും ഗാന്ധിഭവനലെ സ്വീകരണ പരിപാടിയിലും പങ്കെടുക്കും.
100 ശതമാനം വോട്ട് ലഭിക്കുന്ന കേരളത്തിൽ പ്രചാരണത്തിന് ഗംഭീര തുടക്കം കുറിക്കാനാകുമെന്ന് അദ്ദേഹം ഇന്നലെ പറഞ്ഞിരുന്നു. ഒരു ദിവസത്തെ പ്രചാരണത്തിന് ശേഷം അദ്ദേഹം നാളെ രാവിലെ ചെന്നൈയിലേക്ക് തിരിക്കും. ഭരണകക്ഷി നേതാക്കളാരും വിമാനത്താവളത്തിൽ എത്തിയില്ല. കേരളം ഹൃദയത്തോട് അടുത്തുനിൽക്കുന്ന സംസ്ഥാനമാണെന്നും യശ്വന്ത് സിൻഹ പറഞ്ഞു.