ദില്ലി: പഞ്ചാബിൽ മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ കോട്ടയിൽ ആം ആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടി. ശിരോമണി അകാലിദൾ സംഘ്രൂരിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വൻ വിജയം നേടി. ഭഗവന്ത് മന്ന് മുഖ്യമന്ത്രിയായ ശേഷം ഒഴിവുവന്ന ലോക്സഭാ സീറ്റിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. അവിടെയാണ് എഎപിക്ക് വലിയ തിരിച്ചടി ഉണ്ടായത്. സിദ്ദു മൂസെവാലയുടെ മരണം ഉപതിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റ് ആയിരുന്നു. ഇതെല്ലാം എഎപിക്ക് തിരിച്ചടിയായിരിക്കുകയാണ്. അധികാരത്തിൽ വന്ന് മാസങ്ങൾക്കുള്ളിൽ തന്നെ ഈ പരാജയം എഎപിക്ക് നാണക്കേടായി മാറിയിരിക്കുകയാണ്. നേരത്തെ സംസ്ഥാനത്തെ ക്രമസമാധാന പ്രശ്നങ്ങൾ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇത് ബാധിച്ചുവെന്നാണ് വിലയിരുത്തൽ.
അകാലിദളിന്റെ സിമ്രാന്‍ജിത്ത് സിംഗ് മൻ 7,000 വോട്ടുകൾക്കാണ് എഎപിയുടെ ഗുര്‍മെയില്‍ സിംഗിനെ പരാജയപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ ഇരുപാർട്ടികളും തമ്മിൽ വാശിയേറിയ പോരാട്ടമായിരുന്നു നടന്നത്.. കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗ് ഗോൾഡിയാണ് മൂന്നാം സ്ഥാനത്ത്. അകാലിദളിന്റെ അമൃത്സര്‍ ഘടകമാണ് സിമ്രാന്‍ജിത്ത് സിംഗ് മന് ജയിച്ച പാര്‍ട്ടി. എന്നാൽ പ്രകാശ് സിംഗ് ബാദലിന്റെ പാർട്ടിയുമായി ഇവർക്ക് ബന്ധമില്ല. ബാദലിന്റെ പാർട്ടി അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
സംഗ്രൂരിലെ പോളിംഗ് ശതമാനം കുറവായിരുന്നു. 45.30 ശതമാനമായിരുന്നു പോളിംഗ്. 2019ൽ 72.44 ശതമാനമായിരുന്നു പോളിംഗ്. 2014 ലും 2019 ലും ഭഗവന്ത് മന്ന് വൻ ഭൂരിപക്ഷത്തിലാണ് ഇവിടെ സ്വന്തമാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം എഎപിക്ക് ഇത് വലിയ തിരിച്ചടിയാണ്. അതേസമയം തോൽവിയിൽ നിന്ന് കരകയറാൻ കോൺഗ്രസസിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. സ്വന്തം കോട്ട സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം എഎപിക്കുണ്ടായിരുന്നു. അതിനാൽ, പോരാട്ടം എല്ലാ തയ്യാറെടുപ്പുകളോടെയും പോരാടി. മുൻ ധുരി എംഎൽഎയെ കോൺഗ്രസ് മത്സരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല.