വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം ബഹുദൂരം മുന്നിൽ. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പിന്റെ പുരോഗതി വിലയിരുത്താൻ ചേർന്ന ദിശ യോഗത്തിലാണ് വിലയിരുത്തൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളുടെ പട്ടികയിൽ കേരളം ഒന്നാം സ്ഥാനത്താണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ദിശ സംസ്ഥാനതല സമിതിയുടെ കോ-ചെയർമാൻ കൂടിയായ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ പങ്കാളിത്തത്തിന്റെ കാര്യത്തിൽ രാജ്യത്തെ ഒന്നാം നമ്പർ സംസ്ഥാനമാണ് കേരളമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കേരളത്തിലെ സ്ത്രീ പങ്കാളിത്ത നിരക്ക് 89.42 ശതമാനമാണെങ്കിൽ ദേശീയ ശരാശരി 54.7 ശതമാനം മാത്രമാണ്. ഈ വർഷം മാത്രം 2,474 കോടി രൂപയാണ് പദ്ധതിയിലൂടെ സ്ത്രീകൾക്ക് കൈമാറിയത്. പട്ടികവർഗ കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിലും കേരളം ഒന്നാം സ്ഥാനത്താണ്. ദേശീയ തലത്തിൽ ഇത് 12 ശതമാനവും കേരളത്തിൽ ഇത് 40 ശതമാനവുമാണ്.
പട്ടികജാതി കുടുംബങ്ങൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്ന കാര്യത്തിൽ കേരളം ദേശീയതലത്തിൽ രണ്ടാം സ്ഥാനത്താണ്. ദേശീയ നിരക്ക് 48 ശതമാനമാണെങ്കിൽ കേരളത്തിൽ ഇത് 67 ശതമാനമാണ്. തൊഴിലാളികൾക്ക് സമയബന്ധിതമായി വേതനം വിതരണം ചെയ്യുന്ന ആദ്യ നാലു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. ജനസംഖ്യയുടെ 99.55 ശതമാനം പേർക്കും കേരളം യഥാസമയം വേതനം നൽകിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസങ്ങളിൽ തന്നെ 54 ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് കേരളം മികച്ച പ്രകടനവുമായി മുന്നേറുകയാണ്.