ന്യൂ ഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പാർലമെന്റ് മാർച്ചിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെ, എ.എ റഹീം എം.പി രാജ്യസഭാ ചെയർമാൻ വെങ്കയ്യ നായിഡുവിന് പരാതി നൽകി. എ.എ റഹീം എം.പിക്കും പ്രവർത്തകർക്കും നേരെയുണ്ടായ പോലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം എം.പിമാർ രാജ്യസഭാ ചെയർമാന് കത്തയച്ചിട്ടുണ്ട്. ജനപ്രതിനിധിയോട് കാണിക്കേണ്ട സാമാന്യ മര്യാദ കാണിക്കാതെ ഡൽഹി പൊലീസ് സ്വീകരിച്ചത് ഹീനമായ നടപടിയാണ്. എം.പിയെയും വനിതാ പ്രവർത്തകരെയും മർദ്ദിച്ച പൊലീസിനെതിരെ നടപടിയെടുക്കണമെന്നും കത്തിൽ എം.പിമാർ ആവശ്യപ്പെട്ടു.
പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത റഹീമിനെ ഡൽഹി പോലീസ് രാത്രി വൈകിയാണ് വിട്ടയച്ചത്. റഹീമിനൊപ്പം കസ്റ്റഡിയിലെടുത്തവരെ പിന്നെയും വൈകിയാണ് പൊലീസ് വിട്ടയച്ചത്. ഇവരെയെല്ലാം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയായിരുന്നു.
ഡൽഹിയിൽ ഉച്ചയോടെ അഗ്നിപഥിനെതിരെ ഡി.വൈ.എഫ്.ഐ നടത്തിയ പാർലമെന്റ് മാർച്ച് അക്രമാസക്തമായിരുന്നു. ജന്ധർമന്ദിൽ നിന്ന് ആരംഭിച്ച മാർച്ച് പാർലമെന്റ് പോലീസ് സ്റ്റേഷന് സമീപം എത്തിയപ്പോൾ പോലീസ് തടഞ്ഞു. എ.എ റഹീം എം.പി ഉൾപ്പെടെയുള്ള പ്രവർത്തകരെ പൊലീസ് സംഘം റോഡിലേക്ക് വലിച്ചിഴച്ച് വാഹനത്തിലേക്ക് മാറ്റി. വനിതാ നേതാക്കളെയും പൊലീസ് വാഹനത്തിലേക്ക് വലിച്ചിഴച്ചാണ് കൊണ്ടുപോയത്.