തിരുവനന്തപുരം: ശിരുവാണി അണക്കെട്ടിൽ നിന്ന് തമിഴ്നാടിന് പരമാവധി വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് അയച്ച കത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്. ശിരുവാണി അണക്കെട്ടിന്റെ സംഭരണശേഷിയുടെ പരമാവധി വെള്ളം സംഭരിച്ച് തമിഴ്നാടിന് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റാലിൻ കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കത്തയച്ചിരുന്നു. ശിരുവാണി ഡാമിലെ വെള്ളം ജൂൺ 19ന് 45 എംഎൽഡിയിൽനിന്ന് 75 എംഎൽഡിയായും ജൂൺ 20ന് 103 എംഎൽഡിയായും വർധിപ്പിച്ചിട്ടുണ്ട്. ഡാമിന്റെ രൂപകൽപ്പന പ്രകാരം പരമാവധി 103 മില്ലിലിറ്ററാണ് ഡിസ്ചാർജ്ജ് അളവ്. എത്രയും വേഗം വിഷയം വിശദമായി ചർച്ച ചെയ്ത് സമവായത്തിലെത്തുമെന്നും പിണറായി വിജയൻ കത്തിൽ പറയുന്നു. തമിഴ്നാട്ടിലെ കോയമ്പത്തൂർ പരിധിയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾ പ്രധാനമായും കുടിവെള്ളത്തിനായി പാലക്കാട് ജില്ലയിലെ ശിരുവാണി അണക്കെട്ടിനെയാണ് ആശ്രയിക്കുന്നത്.