തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പുരാവസ്തു തട്ടിപ്പ് കേസിലെ ആരോപണ വിധേയയായ അനിത പുല്ലയിൽ എന്ന പ്രവാസി യുവതി ലോക കേരള സഭയിൽ എത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സർക്കാരുമായി ബന്ധമുള്ള ഇത്തരം വ്യക്തികൾ നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നുവെന്ന് വി ഡി സതീശൻ ആരോപിച്ചു. ഇത്തരത്തിൽ പുറത്തിറങ്ങുന്ന പത്താമത്തെ അവതാരമാണ് അനിത പുല്ലയിലെന്ന് വി ഡി സതീശൻ പറഞ്ഞു.
സുരക്ഷാ തടസ്സങ്ങൾക്കിടയിലും അനിത എങ്ങനെയാണ് ലോക കേരള സഭയിൽ എത്തിയതെന്നും സതീശൻ ചോദിച്ചു. ഇത്തരക്കാരുമായി സർക്കാരിന് ബന്ധമുണ്ട്. നിയമസഭാ മന്ദിരത്തിന്റെ സുരക്ഷാ നടപടികളെക്കുറിച്ച് തനിക്ക് നന്നായി അറിയാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.