വാഷിം ഗ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള കൂടുതൽ ചർച്ചകൾക്ക് പുതിയ ഒരു വീഡിയോ വഴിയൊരുക്കി. റഷ്യയിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിന്റെ ദൃശ്യങ്ങൾക്ക് പിന്നാലെയാണ് പുതിയ ചർച്ചകൾ നടക്കുന്നത്. ദൃശ്യങ്ങളിൽ ഒരു താങ്ങില്ലാതെ നിൽക്കാൻ പുടിൻ പാടുപെടുകയാണെന്നും അദ്ദേഹത്തിന്റെ കൈകളിൽ വിറയൽ അനുഭവപ്പെടുന്നുണ്ടെന്നും ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ട് പറയുന്നു. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഞായറാഴ്ചയാണ് ദൃശ്യങ്ങൾ ഉള്ള ചടങ്ങ് നടന്നത്. റഷ്യൻ ഫെഡറേഷന്റെ പുരസ്കാരം ചലച്ചിത്ര നിർമ്മാതാവ് നികിത മിഖായലോവിന് സമ്മാനിച്ചതിന് ശേഷം പുടിൻ അങ്ങോട്ടുമിങ്ങോട്ടും നീങ്ങുന്നത് കാണാം. പുടിന്റെ കാലുകളിൽ വിറയൽ അനുഭവപ്പെട്ടതായി യുകെയിലെ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ചില ആരോഗ്യ പ്രശ്നങ്ങൾ കാരണം പൊതുപരിപാടികളിൽ അധികം പങ്കെടുക്കരുതെന്ന് പുടിനെ ഡോക്ടർമാർ ഉപദേശിച്ചതായാണ് റിപ്പോർട്ടുകൾ. മെയ് മാസത്തിൽ റഷ്യയുടെ വിക്ടറി ഡേ പരേഡിലും പുടിൻ അവശനായി കാണപ്പെട്ടു. അപ്പോഴും ഇത്തരത്തിൽ ധാരാളം ചർച്ചകൾ നടന്നിരുന്നു.
റഷ്യൻ പ്രസിഡന്റിൻറെ ആരോഗ്യം ലോകം എല്ലായ്പ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്. ഉക്രൈൻ അധിനിവേശം ആരംഭിച്ചത് മുതൽ, അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് കിംവദന്തികൾ പ്രചരിക്കുന്നുണ്ട്.