Spread the love

ബീജിംഗ്: ഇന്ത്യക്കാർക്കെതിരെ ഉണ്ടായിരുന്ന വിസ നിരോധനം പിൻവലിച്ച് ചൈന. കൊവിഡ്-19 വ്യാപനത്തെ തുടർന്നാണ് രണ്ട് വർഷത്തെ വിസാ നിരോധനം ചൈന ഏർപ്പെടുത്തിയത്. ചൈനീസ് നഗരങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കുടുംബങ്ങൾക്കും ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കും ചൈനയുടെ പുതിയ നീക്കം ആശ്വാസകരമാണ്. പല ഇന്ത്യൻ വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിനായി ചൈനീസ് കോളേജുകളെയും സർവകലാശാലകളെയും ആണ് ആശ്രയിച്ചിരുന്നത്.

തിങ്കളാഴ്ചയാണ് ഇന്ത്യയിലെ ചൈനീസ് എംബസി വിസ നിരോധനം പിൻവലിച്ചതായി അറിയിച്ചത്. ഇതോടെ ചൈനയിലെ എല്ലാ മേഖലകളിലും ജോലി പുനരാരംഭിക്കുമെന്നാണ് സൂചന. ചൈനയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ പൗരൻമാരുടെയും അവരുടെ കുടുംബങ്ങളുടെയും വിസ അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയതായി ചൈനീസ് എംബസി അറിയിച്ചു. 2020 മുതലാണ് ഈ വിസ നിരോധനം നിലവിലുള്ളത്. വിസ നിരോധനം ചൈനയിൽ ഉപജീവനം നടത്തുന്ന നിരവധി ഇന്ത്യൻ പൗരൻമാരെ സാരമായി ബാധിച്ചിരുന്നു. പുതിയ നീക്കം അവർക്ക് വളരെയധികം ആശ്വാസം നൽകും.

ഇന്ത്യക്കാർക്ക് പുറമെ ചൈനീസ് പൗരൻമാരുടെ കുടുംബാംഗങ്ങൾക്കും ചൈനീസ് പെർമനന്റ് റെസിഡൻസി പെർമിറ്റുള്ള വിദേശികൾക്കും ചൈനയിൽ കുടുംബ ഒത്തുചേരലുകൾക്കോ, ബന്ധുക്കളെ സന്ദർശിക്കാനോ വിസയ്ക്ക് അപേക്ഷിക്കാമെന്ന് ഡൽഹിയിലെ ചൈനീസ് എംബസി അറിയിച്ചു. അടുത്തിടെ, ചൈനയിൽ ജോലി ചെയ്യുന്ന നിരവധി ഇന്ത്യൻ പൗരൻമാർ കുടുംബങ്ങളെ തിരികെ കൊണ്ടുവരാൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനോട് അഭ്യർത്ഥിച്ചിരുന്നു. ഇന്ത്യയുടെ സമ്മർദ്ദത്തെ തുടർന്ന് കുടുങ്ങിയ ചില ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരാൻ ഏപ്രിലിൽ ചൈന സമ്മതിച്ചിരുന്നു. മടങ്ങാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികളുടെ വിശദാംശങ്ങൾ ശേഖരിക്കാനും ഇന്ത്യൻ എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

By newsten