Spread the love

ദില്ലി: തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത് എണ്ണായിരത്തിലധികം കൊവിഡ് രോഗികൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 8,084 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളി, ഞായർ ദിവസങ്ങളിലും 8,000 ലധികം പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. നിലവിൽ രാജ്യത്ത് കോവിഡ്-19 ബാധിതരുടെ എണ്ണം 47,995 ആണ്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.11 ശതമാനം മാത്രമാണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,592 പേർ രോഗമുക്തി നേടി, ഇതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,57,335 ആയി. രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,49,418 പരിശോധനകളാണ് നടത്തിയത്. ഇന്ത്യ ഇതുവരെ 85.51 കോടിയിലധികം (85,51,08,879) പരിശോധനകൾ നടത്തി. രാജ്യത്തുടനീളം പരിശോധനാ ശേഷി വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.21 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനവുമാണ്.

ഇന്ന് രാവിലെ 7 മണി വരെ, ഇന്ത്യയിലെ കോവിഡ് -19 വാക്സിനേഷനുകളുടെ എണ്ണം 195.19 കോടി (1,95,19,81,150) കവിഞ്ഞു. 2,50,56,366 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. 12-14 പ്രായപരിധിയിലുള്ളവർക്കുള്ള കോവിഡ് -19 വാക്സിനേഷൻ 2022 മാർച്ച് 16 ന് ആരംഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3.51 കോടിയിലധികം (3,51,48,286) കൗമാരക്കാർക്ക് കോവിഡ് -19 വാക്സിന്റെ ആദ്യ ഡോസ് നൽകി. 2022 ഏപ്രിൽ 10 മുതലാണ് 18-നും 59-നും ഇടയിൽ പ്രായമുള്ളവർക്കുള്ള കരുതൽ ഡോസ് ആരംഭിച്ചത്.

By newsten