തൃശൂർ: തൃശൂരിൽ പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം വിട്ടുനൽകിയ സംഭവത്തിൽ, അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഇക്കാര്യം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. വീഴ്ചയുണ്ടായാൽ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വടക്കാഞ്ചേരി ഒന്നാംകല്ല് സ്വദേശി യൂസഫിന്റെ (46) മൃതദേഹമാണ് മെഡിക്കൽ കോളേജിൽ തിരികെ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയത്. യൂസഫിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുകയായിരുന്നു. ബന്ധുക്കൾ മൃതദേഹം പള്ളിയിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനിടെയാണ് ആശുപത്രിയിൽ നിന്നെത്തിയ സംഘം മൃതദേഹം തിരികെ വാങ്ങിയത്. യൂസഫ് ഇന്നലെയാണ് മരിച്ചത്.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ ഇല്ലാതെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. രാവിലെ ഡ്യൂട്ടി ഡോക്ടർ എത്തിയപ്പോഴാണ് പോസ്റ്റ്മോർട്ടം നടത്തിയിട്ടില്ലെന്നും മൃതദേഹം ബന്ധുക്കൾ കൊണ്ടുപോയതാണെന്നും അറിഞ്ഞത്. ഇതോടെ മെഡിക്കൽ കോളേജ് അധികൃതർ മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. യൂസഫിന്റെ ശവസംസ്കാരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു ബന്ധുക്കൾ. ജനപ്രതിനിധികൾ ഇടപെട്ടാണ് ബന്ധുക്കൾ മൃതദേഹം കൈമാറിയത്. ഇതോടെ ആശുപത്രിയിൽ നിന്നെത്തിയ സംഘം എത്തി മൃതദേഹം തിരികെ കൊണ്ടുപോയി.