കല്പറ്റ: വയനാട് ജില്ലയിൽ എലിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചതോടെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. മക്കിയാട് പാലേരി കോളനിയിലെ 40 വയസുകാരനാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഈ വർഷം എലിപ്പനി ബാധിച്ച് നാലുപേർ മരിച്ചു. 51 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ബുധനാഴ്ച മൂന്ന് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നാൽ പേർക്ക് രോഗം ബാധിച്ചതായി സംശയിക്കുന്നു. ഇതോടെ രോഗലക്ഷണങ്ങളുള്ളവരുടെ എണ്ണം 131 ആയി. ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പകർച്ചവ്യാധിയാണ് എലിപ്പനി. മലിനമായ മണ്ണും വെള്ളവും ഉപയോഗിച്ചുള്ള സമ്പർക്കത്തിലൂടെയാണ് എലിപ്പനി ഉണ്ടാകുന്നത്. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ അത് സങ്കീർണതകളിലേക്കും മരണത്തിലേക്കും നയിച്ചേക്കാം. കൃഷിയിൽ ഏർപ്പെട്ടിരിക്കുന്നവരും മലിനജലവുമായി സമ്പർക്കം പുലർത്തുന്നവരും ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം എലിപ്പനി വിരുദ്ധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായും കഴിക്കണമെന്ന് ഡിഎംഒ ഡോ.കെ.സക്കീന അറിയിച്ചു. എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്സിസൈക്ലിൻ സൗജന്യമായി ലഭിക്കും.