രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ കുറവ്. 3714 കൊവിഡ് കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചത്. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 26,976 ആയി.7 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 98.72 ശതമാനമാണ്.. 2,513 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,26,33,365 ആയി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 3,07,716 പരിശോധനകളാണ് നടത്തിയതെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ഇതുവരെ 85.32 കോടിയിലധികം പരിശോധനകളാണ് നടത്തിയത്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 0.97 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.21 ശതമാനമാണ്.
കേരളത്തിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,036 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മാത്രം 676 പുതിയ കേസുകൾ സ്ഥിരീകരിച്ചു. അതായത് സംസ്ഥാനത്തെ 60 ശതമാനം രോഗികളും മുംബൈയിലാണ് സ്ഥിരീകരിച്ചത്. താനെയിൽ 17.17 ശതമാനവും പൂനെയിൽ 7.42 ശതമാനവും റായ്ഗഡിൽ 3.36 ശതമാനവും പർഘട്ടിൽ 2 ശതമാനവുമാണ്. ഈ പ്രദേശങ്ങളിലെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിനും 8 ശതമാനത്തിനും ഇടയിലാണ്. കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധനകൾ വർദ്ധിപ്പിക്കാൻ സർക്കാർ പ്രാദേശിക അധികാരികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.