Spread the love

മുംബൈ: ഇന്ത്യയിൽ കൊവിഡ് കേസുകൾ വീണ്ടും ഉയരുകയാണ്. കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ആളുകൾ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സർക്കാർ നിർദ്ദേശം നൽകി. തുറസ്സായ സ്ഥലങ്ങളിലൊഴികെ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ട് സർക്കാർ ഉത്തരവിറക്കി.

കൊവിഡ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതിൽ സംസ്ഥാന സർക്കാർ ആശങ്ക പ്രകടിപ്പിച്ചു. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.പ്രദീപ് വ്യാസ് കഴിഞ്ഞ ദിവസം എല്ലാ ജില്ലാ അധികാരികൾക്കും കത്തയച്ചിരുന്നു. പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്നതുൾപ്പെടെ നിരവധി നിർദ്ദേശങ്ങൾ കത്തിലുണ്ട്. ട്രെയിനുകൾ, ബസുകൾ, സിനിമാ ഹാളുകൾ, ഓഡിറ്റോറിയങ്ങൾ, ഓഫീസുകൾ, ആശുപത്രികൾ, കോളേജുകൾ, സ്കൂളുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്ത് 4,041 പുതിയ കോവിഡ്-19 കേസുകൾ സ്ഥിരീകരിച്ചു. മാർച്ച് 11ന് ശേഷം റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. കഴിഞ്ഞ വേനൽക്കാലത്ത് ഇന്ത്യയിലെ പ്രതിദിന കോവിഡ് -19 കേസുകൾ 400,000 കടന്നിരുന്നു. രാജ്യത്ത് ഇതുവരെ 43.17 ദശലക്ഷം കോവിഡ് -19 കേസുകളും 54,651 മരണങ്ങളും രേഖപ്പെടുത്തി.

By newsten