ന്യൂ ഡൽഹി: മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റുകൾ (പിയുസി) ഇല്ലാത്ത വാഹന ഉടമകൾക്കെതിരെ നടപടിയെടുക്കാൻ ഡൽഹി സർക്കാർ. ഉടമകളുടെ വീടുകളിലേക്ക് നോട്ടീസ് അയയ്ക്കും. സർട്ടിഫിക്കറ്റുകൾ തുടര്‍ന്നും ഹാജരാക്കാത്തവരിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കാനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്. പി.യു.സി സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾ നഗരത്തിൽ ഓടുന്നില്ലെന്ന് ഉറപ്പാക്കാൻ പരിശോധന ശക്തമാക്കും.
കഴിഞ്ഞ പി.യു.സി. മാനദണ്ഡങ്ങൾ കർശനമായി നടപ്പാക്കിയതിനാൽ ഗതാഗത വകുപ്പ് ഓരോ വർഷവും 60 ലക്ഷത്തിലധികം സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ 13 ലക്ഷം ഇരുചക്ര വാഹനങ്ങളും മൂന്ന് ലക്ഷം കാറുകളും ഉൾപ്പെടെ 17 ലക്ഷത്തിലധികം വാഹനങ്ങൾ സാധുവായ പി.യു.സി. ഇല്ലാതെ തലസ്ഥാനത്ത് ഓടുന്നുണ്ട്.
ഇവരെ കണ്ടെത്തുന്നതിലൂടെ സർട്ടിഫിക്കേഷന്റെ വിശ്വാസ്യത മെച്ചപ്പെടുമെന്നും മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ തിരിച്ചറിയുമെന്നും അധികൃതർ പറഞ്ഞു. സർട്ടിഫിക്കറ്റ് ഇല്ലാതെ പിടിക്കപ്പെടുന്നവർക്ക് മോട്ടോർ വാഹന നിയമപ്രകാരം ആറ് മാസം വരെ തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. കാർബൺ മോണോക്സൈഡ്, കാർബൺ ഡൈ ഓക്സൈഡ് തുടങ്ങിയ വിവിധ വാതകങ്ങൾ പുറപ്പെടുവിക്കുന്നതിനാൽ ഇത് ഇടയ്ക്കിടെ പരിശോധിക്കണം.