വടകര: വടകര പൊലീസ് കസ്റ്റഡിയിലെടുത്ത കല്ലേരി സ്വദേശി സജീവന്‍റെ മരണവുമായി ബന്ധപ്പെട്ട് നടപടി നേരിട്ട ഉദ്യോഗസ്ഥർക്ക് അന്വേഷണ സംഘം വീണ്ടും നിർദ്ദേശം നൽകി. സസ്പെൻഷനിലായ എസ്.ഐ എം.നിജേഷ്, എ.എസ്.ഐ അരുൺകുമാർ, സി.പി.ഒ ഗിരീഷ് എന്നിവരോട് ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും മൂന്ന് ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായില്ല. തുടർന്നാണ് വീണ്ടും നിർദേശം നൽകിയത്.
ഉദ്യോഗസ്ഥർ ഇന്ന് ഹാജരായില്ലെങ്കിൽ കുടുംബത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ തേടും. രാവിലെ വടകര സ്റ്റേഷനിൽ ഹാജരാകാനാണ് നിർദേശം. ഇന്നലെ സസ്പെൻഷനിലായ സിപിഒ പ്രജീഷിനെയും ചോദ്യം ചെയ്യും. കേസിൽ ഇതുവരെ 26 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രം പൊലീസ് സർജന്‍റെ മൊഴിയെടുത്താൽ മതിയെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിലപാട്.
വാഹനമോഷണ കേസുമായി ബന്ധപ്പെട്ടാണ് സജീവനെ വടകര പൊലീസ് കസ്റ്റഡിയിലെടുത്തത്. ഈ മാസം 22ന് രാത്രിയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ച ഇയാൾ വടകര സ്റ്റേഷൻ വളപ്പിൽ കുഴഞ്ഞുവീഴുകയായിരുന്നു. വീണു കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സജീവനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ആശുപത്രിയിലെത്തും മുമ്പേ സജീവൻ മരിച്ചു.